പക്ഷമില്ലാത്തവരുടെ പക്ഷത്ത്.......

Monday, November 21, 2011

നിരോധനം നിരോധനം സര്‍വത്ര നിരോധനം

കടപ്പാട്: മാതൃഭൂമി
നിരോധനം  നിരോധനം സര്‍വത്ര നിരോധനം, പാലിക്കുന്നവരൊട്ടില്ല താനും.” ഒരു പക്ഷേ കേരളത്തിലായിരിക്കും ലോകത്ത് ഏറ്റവും കൂടുതല്‍ നിരോധനങ്ങളുള്ളത്. ഇതാ കോടതി വക പുതിയൊരു നിരോധനം കൂടിയെത്തി. വീട്ടു മാലിന്യങ്ങള്‍ പ്ലാസ്റ്റിക്ക് കവറിലാക്കി പൊതു സ്ഥലത്ത് നിക്ഷേപിക്കരുത്!

ഈനിരോധനങ്ങളൊക്കെ വരുമ്പോള്‍ ഓര്‍മ്മ വരുന്നത് പൊതുമേഖലാസ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്റെ ‘നിരോധ്’ എന്ന ഗര്‍ഭനിരോധന ഉറയേക്കുറിച്ചാണ്. നിരോധ് അതിന്റെ ധര്‍മ്മം അന്‍പതു ശതമാനമെങ്കിലും നിര്‍വ്വഹിക്കുമ്പോള്‍ ഉത്തരുവുകളായി ഇറങ്ങുന്ന നിരോധനങ്ങള്‍ എത്രകണ്ട് ഫലം കാ‍ണാറുണ്ട്? നിയമം നിര്‍മ്മിക്കുന്നവനും, അതു നടപ്പിലാക്കാന്‍ ഉത്തരവിടുന്നവനും, അതു നടപ്പിലാക്കേണ്ടവനുമൊന്നും ഇതിലൊന്നും യാതൊരു താല്പര്യവുമില്ലെന്നിരിക്കെ എന്തിനാണ് ഇത്രയധികം നിരോധനങ്ങള്‍? ഭഗവാന്‍ ശ്രീകൃഷ്ണന്‍ പറഞ്ഞതുപോലെയാവാം ‘കര്‍മ്മം ചെയ്യൂ ഫലം ഇച്ഛിക്കരുതെന്ന്’‘. ശരിയാണ് ഓരോരുത്തരും അവരവരുടെ കര്‍മ്മം ചെയ്യുന്നു. ഫലം കിട്ടണമെന്ന് നിര്‍ബന്ധമൊന്നുമില്ല.

കോടതി വിധി കര്‍ശനമായി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു കഴിഞ്ഞു. ഇതിനായി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കായി പുതിയനിയം ഉണ്ടാക്കുമത്രേ. ഇതുകേട്ടാല്‍ തോന്നും ഇപ്പോള്‍ നിയമങ്ങളൊന്നുമില്ലെന്ന്. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് യാതൊരു വിധ് മാര്‍ഗങ്ങളുമില്ലാതെയാണ് ഭൂരിപക്ഷം ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നത്. അവരുടെ ഡമ്പിങ്ങ് സ്റ്റേഷനാണ് പൊതുനിരത്ത്. അനുദിനം മുളച്ചു പൊന്തുന്ന കോഴിക്കടകള്‍ക്കാവെട്ടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ലൈസന്‍സ് ആവശ്യമേയില്ല, അങ്ങനെയൊരു നിയമമുണ്ടെങ്കിലും. കാരണം അവരാണ് പ്രാദേശിക രാഷ്ട്രീയത്തിന്റെ സാമ്പത്തിക സ്രോതസ്സ്. അതുകൊണ്ട് അവര്‍ക്ക് ഇറച്ചി വേസ്റ്റ് പള്ളിക്കുളത്തിലോ, അമ്പലക്കുളത്തിലോ, പൊതുനിരത്തിലോ ഉപേക്ഷിക്കാം.

ഈ വിധി പറഞ്ഞ കോടതിക്കു സമീപത്തുള്ള പൊതുനിരത്തുകളില്‍ പോലും മാലിന്യം പ്ലാസ്റ്റിക് കവറില്‍ കെട്ടി ഉപേക്ഷിച്ചിരിക്കുന്നതുകാണാം. രാവിലെ നടക്കാനിറങ്ങുന്നവരുടെ രണ്ടുകൈകളിലും പ്ലാസ്റ്റിക് കവര്‍ തൂങ്ങികിടക്കുന്നതു കാണാം. ലോകത്തിലെ ഏറ്റവും വലിയ കക്കൂസായി ഇന്ത്യന്‍ റെയില്‍വേ ലൈന്‍ നീണ്ടു നിവര്‍ന്നു കിടക്കുമ്പോള്‍ മറ്റുള്ളവരെ എങ്ങനെ നിയന്ത്രിക്കും. അയലത്തുകാരന്റെ പറമ്പിലേക്ക് മാലിന്യം വലിച്ചെറിയുന്ന മലയാളി മനസ്സ് മാറാത്തിടത്തോളം നിരോധനങ്ങള്‍ക്കൊന്നും യാതൊരു അര്‍ത്ഥവുമില്ല.

പറയാതെ വയ്യ: ബഹുമാനപ്പെട്ട കോടതികളോട് ഒരഭ്യര്‍ത്ഥന. എറണാകുളം പോലെ തിരക്കുപിടിച്ച നഗരങ്ങളിലെ വി. വി. ഐ. പികളുടെ സന്ദര്‍ശനം നിരോധിക്കാനാവുമോ? അല്ലെങ്കില്‍ വേണ്ടാ അവര്‍ക്കു വേണ്ടി പോലീസ് സാധരണക്കാരെന്റെ അവകാശങ്ങളെ ഹനിക്കുന്നത് കാണാനാവുമോ? ഇതു പറയാന്‍ കാരണം ഇക്കഴിഞ്ഞയാഴ്ച ബഹുമാനപ്പെട്ട ഉപരാഷ്ട്രപതിയുടെ കൊച്ചി സന്ദര്‍ശനാര്‍ത്ഥം പോലീസ് സാധാരണക്കാരന്റെ വഴിതടഞ്ഞത് കാണേണ്ടിവന്നതു കൊണ്ടാണ്. ആശുപത്രികളിലെത്താന്‍ രോഗികള്‍ കിലോമീറ്ററുകളോളം വട്ടം ചുറ്റേണ്ടി വന്നു. സമയത്തിന് ഓഫീസുകളിലും സ്കൂളുകളിലുമെത്താനാവാതെ മറ്റുള്ളവരും കറങ്ങി.

4 comments:

Anonymous said...

Kochiyile Traffic Block njanum anubhavichirunnu.

പൊട്ടന്‍ said...

സത്യത്തില്‍ മനോജ്‌ പറഞ്ഞതിനെക്കാള്‍ ഭീകരമാണ് മാലിന്യത്തല്‍ ഉണ്ടാകുന്ന വിളവുകള്‍. അവസരോചിതമായി!!!

khaadu.. said...

“നിരോധനം നിരോധനം സര്‍വത്ര നിരോധനം, പാലിക്കുന്നവരൊട്ടില്ല താനും.” ഒരു പക്ഷേ കേരളത്തിലായിരിക്കും ലോകത്ത് ഏറ്റവും കൂടുതല്‍ നിരോധനങ്ങളുള്ളത്.

ശരിയാ... ഓരോ ദിവസവും ഓരോ നിയമങ്ങള്‍ പടച്ചു വിടുന്നു എന്നല്ലാതെ ആരും അനുസരിക്കുന്നത് കാണാറില്ല...

കേരളത്തില്‍ നിയമം ഉണ്ടാക്കുന്നത്‌ തന്നെ അത് ലന്കിക്കാന്‍ വേണ്ടിയാണെന്ന് തോന്നും..

നല്ല പോസ്റ്റ്‌... അവസാനം പറഞ്ഞതും നമ്മുടെ നാടിന്റെ വൃത്തികെട്ട ഒരു അവസ്ഥയാണ്...

അഭിനന്ദനങ്ങള്‍..

വിധു ചോപ്ര said...

നിങ്ങൾക്കൊക്കെ എന്തും പറയാം. നിയമം ഉണ്ടാക്കുന്നവർക്കേ അതിന്റെ പാടറിയൂ. നിയമം പാലിക്കപ്പെടാതെ കിടക്കുമ്പോൾ നിയമമുണ്ടാക്കിയവർ ഉറക്കമില്ലാതെ നിശ്ശബ്ദം കരയുകയല്ലേ? ഇതൊക്കെ അറിയണമെങ്കിൽ ആദ്യം ഇന്ത്യയെന്തെന്നറിയണം. അതിന്റെ സെൻസ് അറിയണം സെൻസിബിലിറ്റി അറിയണം, സെൻസിറ്റിവിറ്റി അറിയണം.......
ഹാവൂ ! ആശ്വാസമായി
ഇപ്പം മാലിന്യ പ്രശ്നം തീർന്നില്ലേ? അതാണ്!
ഈ നാട് ഇനി നന്നാവില്ല. അത്രക്ക് നന്നായിക്കഴിഞ്ഞു. അതാണു കാര്യം.
ആശംസകൾ.