പക്ഷമില്ലാത്തവരുടെ പക്ഷത്ത്.......

Wednesday, October 19, 2011

കേരള രാഷ്ട്രീയം ചക്കളത്തി പോരാട്ടത്തില്‍

                           പൊതുജനം കഴുതയാണെന്ന് കേരള രാഷ്ട്രീയത്തിലെ ഒന്നാം പാഠം. മറിച്ചാണെന്ന് നാം തെളിയിച്ചിട്ടുമില്ല. അതിനുദാഹരണങ്ങളാണ് ആദ്യത്തെ ഈ.എം.എസ് മന്ത്രിസഭയെ അധികാരത്തിലേറ്റിയതും അതിലും വേഗത്തില്‍ മറിച്ചിട്ടതും, ഭാരതം മുഴുവന്‍ അടിയന്തരാവസ്ഥയെന്ന കിരാത കാലത്തിനു ശേഷം കോണ്‍ഗ്രസ്സിതരര്‍ അധികാരത്തിലേറിയപ്പോള്‍ കേരളം കോണ്‍ഗ്രസ്സ് മുന്നണിയെ അധികാരത്തിലേറ്റിയതും, ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന അയ്യഞ്ചു വര്‍ഷ ഭരണമാറ്റവും.
                 ഇതുവരെ കണ്ടിട്ടില്ലാത്ത സംഭവങ്ങള്‍ക്കാണ് കേരള നിയമസഭ സാക്ഷ്യം വഹിക്കുന്നതെന്ന് ദൃശ്യമാധ്യമങ്ങള്‍. ഇതിനും ഏറെക്കാലം മുന്‍പ് ഇതിലും വലുത് സംഭവിച്ചത് കാണാന്‍ ദൃശ്യമാധ്യമങ്ങള്‍ ഇല്ലാതിരുന്നത് മലയാളിയുടെ മഹാഭാഗ്യം. ഭരണമുന്നണിക്ക് കേവലഭൂരിപക്ഷം മാത്രമുള്ളത് കേരളീയര്‍ക്ക് എല്ലാം കാണാനും കേള്‍ക്കാനും അവസരം ഒരുക്കുന്നു.
                               വാച്ച് ആന്റ് വാര്‍ഡുമാരുടെ വേഷം വനിതകള്‍ക്കും പുരുഷന്മാര്‍ക്കും ഒന്നുതന്നെ ആയതും, ഭരണപക്ഷ ഗൂഢാലോചനയുടെ ഭാഗമായി നാളിതുവരെ ഉണ്ടാകാത്തതുപോലെ വനിത വാച്ച് ആന്റ് വാര്‍ഡ് സ്പീക്കറുടെ ഡയസ്സിനുമുന്നില്‍ സംരക്ഷണകവചം തീര്‍ത്തതുമാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് കാരണമെന്ന് പ്രതിപക്ഷം പറയുന്നു. ലിംഗ സമത്വത്തിന്റെകാലത്ത് വനിതകള്‍ക്ക് പിന്നില്‍ നില്‍ക്കാന്‍ കഴിയുമോ?.ഏതുവേഷത്തിലും ഒരു വനിതയെ ശരീര പ്രകൃതിവെച്ച് തിരിച്ചറിയാന്‍ നമുക്ക് കഴിയില്ലെന്നായിട്ടുണ്ടോ?.
                     മറുപക്ഷത്ത് കളരിപരമ്പര ദൈവങ്ങളെ സാക്ഷി നിര്‍ത്തി ഒരു മന്ത്രി മേശപ്പുറത്തേക്ക് കാലുയര്‍ത്തി ചവിട്ടുന്നു. ഈ സമയം അദ്ദേഹത്തിന്റെ മുണ്ട് അകന്നു മാറിയെന്ന് പ്രതിപക്ഷം. ഇതിനേയാണെല്ലോ പണ്ട്  “മുണ്ട് പൊക്കികാണിക്കല്‍” എന്നു പറഞ്ഞിരുന്നത്. അന്ന് ദൃശ്യമാധ്യമങ്ങള്‍ ഇല്ലാത്തതും ഇത്രയെങ്കിലും അവ്യക്തമായ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന കാമറ നിയമസഭയില്‍ സ്ഥാപിച്ചിട്ടില്ലാത്തതും പൂര്‍വിക സുകൃതം. അതെന്തുമായിക്കൊള്ളട്ടെ കൂടെക്കിടന്നവനല്ലേ രാപ്പനി അറിയൂ. നാവേറുപാടുന്ന ഭരണപക്ഷ ചീഫ് വിപ്പും, കാലുപൊക്കിയ മന്ത്രിയും ഇരു മുന്നണികളുടെയും ചൂരും ചൂടും അറിഞ്ഞവര്‍. അവര്‍ പറയുന്നത് നമുക്ക് വിശ്വസിക്കാം അവിശ്വസിക്കാം. ആയാറാം ഗയാറാം നാളെ ആരെന്നുമെന്തെന്നുമാര്‍ക്കറിയാം.
                              പോരാട്ടം മൂര്‍ഛിച്ചപ്പോള്‍ പല രേഖകളും പുറത്തു വന്നു തുടങ്ങി.ചാനലുകള്‍ ഒരുവട്ടം കാണിച്ച് തമസ്കരിച്ച വെഞ്ഞാറമ്മൂട് സംഭവം വീണ്ടും സജീവമായി. മറ്റൊന്ന് ആരോപണ വിധേയനായ യുവ എം.എല്‍.എ പണ്ട് പ്രതിപക്ഷ നേതാവിനെ കാലുവെച്ച് വീഴ്ത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് അദ്ദേഹത്തിന്റെ സെക്രട്ടറി പാര്‍ട്ടിക്ക് കൊടുത്ത കത്ത് പുറത്തു വരുന്നു. പാര്‍ട്ടിയിലെ ഉന്നതര്‍ അദ്ദേഹത്തെ മാനസികമായും രാഷ്ട്രീയമായും ചവിട്ടി താഴ്ത്താന്‍ ശ്രമിച്ചതിലും വലുതല്ലല്ലോ കായികമായി വീഴ്ത്താന്‍ ശ്രമിച്ചത്.
                   ഈ ചക്കളത്തി പോരാട്ടങ്ങള്‍ക്കൊക്കെ കാരണം പൊതുജനം എന്ന കഴുത അന്വേഷിച്ചു ചെന്നാല്‍ കാണാന്‍ കഴിയുക ഇരുപക്ഷത്തേയും ആഭ്യന്തര രാഷ്ട്രീയം തന്നെ. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അവരുടെ സമ്മേളനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന വിഭാഗീയത വാര്‍ത്തയാവരുത് എന്നതു തന്നെയാണ് പ്രധാന ലക്ഷ്യം. സമ്മേളനങ്ങള്‍ അവസാനിക്കും വരെ പല അപ്രതീക്ഷിത സംഭവങ്ങളും നമുക്ക് കാണാം. മറിച്ച് ഭരണപക്ഷത്താകട്ടെ വീതം വെപ്പുകള്‍ പൂര്‍ത്തിയായിട്ടില്ല. ഈ ബഹള്‍ങ്ങളെ മറയാക്കി വീതം വയ്പും കോണ്‍ഗ്രസ്സിന്റെ പാര്‍ട്ടി പുനസംഘടനയുമാണ് അവര്‍ ലക്ഷ്യം വയ്ക്കുന്നത്. യുവജനങ്ങളെ ബാധിക്കുന്ന മറ്റൊരു രഹസ്യ അജണ്ട കൂടി ഭരണമുന്നണിക്കുണ്ട്.
                         പെന്‍ഷന്‍ പ്രായവും പി.എസ്. സി അപേക്ഷാ പ്രായവും ഉയര്‍ത്തുക എന്നതാണത്. അതിനു വേണ്ടിയാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചിട്ടും സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കാത്തതും, നിയമനം ഇഴഞ്ഞു നീക്കുന്നതും, പരീക്ഷ നടത്തി മൂല്യനിര്‍ണ്ണയവും കഴിഞ്ഞ തസ്തികകളുടെ ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതും.
                         ഇതൊന്നും ഒരു യുവജന സംഘടനകളും കാണുന്നില്ല. അവര്‍ക്ക് വ്യക്തമായ മാര്‍ഗ രേഖകള്‍ മുതിര്‍ന്ന നേതാക്കള്‍ നല്‍കിയിട്ടുണ്ട്. “തല്ലുകൊള്ളുക തല്ലിപ്പൊട്ടിക്കുക വാര്‍ത്തകളില്‍ ഇടം നേടുക”.
                    മരിക്കുമ്പോള്‍ മാത്രം ചരമപേജിലെ അരക്കോളം വാര്‍ത്തയായി വരുന്ന പൊതുജനമെന്ന കഴുതകള്‍ക്ക് മുന്നണികള്‍ സൌജന്യമായി നല്‍കുന്ന സ്റ്റ്ണ്ടും, സെക്സും, കോമഡിയും നിറഞ്ഞ ഒരു സിനിമ മാത്രമാണ് കേരള രാഷ്ട്രീയം.
ആടിക്കുറിപ്പ്: 1. ഒരു നിര്‍മ്മല്‍ മാധവിന് പാവപ്പെട്ട കുട്ടികളുടെ പഠിപ്പും സാധാരണക്കാരന്റെ അത്താഴവും മുടക്കാമെന്നായിരിക്കുന്നു കേരളത്തില്‍.
2. സഭ ബഹിഷ്കരിച്ചാലും, ബഹളമുണ്ടാക്കിയാലും, സഭയിലെത്തി മുങ്ങിയാലും അംഗങ്ങളെല്ലാം കൃത്യമായി ഹാജര്‍ ബുക്കില്‍ ഒപ്പിടുന്നുമുണ്ട് വേതനം പറ്റുന്നുമുണ്ട്. ഓര്‍ക്കുക കേരള നിയമസഭ കൂടുന്ന ഓരോ മിനിട്ടിനും ചെലവ് എഴുനൂറ് രൂപയാണ്.