പക്ഷമില്ലാത്തവരുടെ പക്ഷത്ത്.......

Sunday, November 6, 2011

ആയീഠായി മിഠായി..

കാരിക്കേച്ചറിന് കടപ്പാട് ശ്രീ. നിഷാന്തിനോട്
                                                       
                                                           “ആയീഠായി മിഠായി
                                                             തിന്നുമ്പോഴെന്തിഷ്ടായി
                                                             തിന്നുകഴിഞ്ഞാല്‍ കഷ്ടായി..”
                                   കുഞ്ഞുണ്ണി മാഷ്  മിഠായിയെപ്പറ്റി  എഴുതിയത്   കുട്ടികള്‍ക്ക് വേണ്ടിയാണെങ്കിലും കേരള രാഷ്ട്രീയത്തിന്റെ ഇന്നത്തെ അവസ്ഥകാണുമ്പോള്‍  തോന്നുന്നത് രാഷ്ട്രീയത്തെക്കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചതെന്നാണ്. മുഖ്യമന്ത്രി പദമെന്ന മിഠായി തിന്നാന്‍ കൊതിച്ചു നടന്ന് അവസാനം അത് അണികളെക്കൊണ്ട് പിടിച്ചുവാങ്ങി ഊറി തീര്‍ത്ത അച്ചുതാനന്ദനും, മുക്കാല്‍ ഭാഗത്തോളം തീര്‍ന്ന മിഠായി കഴിക്കുകയും പിന്നെ അഞ്ചു വര്‍ഷക്കാലം അതു സ്വപ്നം കണ്ട് കഴിയുകയും ഇപ്പോള്‍ മുഴുവനായി തിന്നാന്‍ കൈയ്യിലെടുത്തിരിക്കുന്ന ഉമ്മന്‍ ചാണ്ടിക്കും, മണിക്കൂറുകള്‍ പോലും ആയുസ്സില്ലാത്ത വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും, അതു തിന്ന് ഉണര്‍ന്നെണ്ണീറ്റ് കഴിയുമ്പോഴേക്കും കഷ്ടത്തിലാകുന്ന പൊതുജനത്തിനുമൊക്കെ മാഷു പറഞ്ഞ അവസ്ഥ തന്നെ.

                                                          “മുട്ടായിയില്‍ ബുദ്ധിവെച്ചാല്‍
                                              ബുദ്ധിമുട്ടായി നിശ്ചയം....” എന്നും മാഷ് എഴുതി വെച്ചു. സ്ഥാന ചിന്ഹങ്ങള്‍ ശിരസ്സിലില്ലാത്ത പൂഞ്ഞാറിന്റെ പുണ്യാളന്‍ ജോര്‍ജ് സാറിനെ കണ്ടാണോ ഇങ്ങനെ എഴുതിയതെന്നറിയില്ല. മന്ത്രി പദവി സ്വപ്നം കണ്ടു നടന്ന ജോര്‍ജ് സാര്‍ ഐക്യമുന്നണി നല്‍കിയ സാങ്കല്പിക സ്ഥാനത്തില്‍ തൃപ്തനാകുമോ?. മുട്ടായി കിട്ടും വരെ കുളം കലക്കിക്കൊണ്ടേയിരിക്കും. ഇതുപോലെ മുട്ടായിയില്‍ കണ്ണും നട്ടിരിക്കുന്ന ഒരാളെക്കൂടി ഓര്‍ക്കാതിരിക്കാനാവില്ല. വേറാരുമല്ലത് നമ്മുടെ സാക്ഷാല്‍ ശ്രീമാന്‍ രമേശ് ചെന്നിത്തല. മന്ത്രിസ്ഥാനത്തേക്കാള്‍ വലുതാണ് കെ. പി. സി. സി. പ്രസിഡന്റു പദവിയെന്ന് കെ. മുരളീധരനേക്കാള്‍ നന്നായി അറിയാവുന്നതു കൊണ്ട്, നാരങ്ങാ മുട്ടായിയേക്കാള്‍ വിലകൂടിയത് പ്യാരി മുട്ടായിയാണെന്ന് കരുതി ഉമിനീരിറക്കി കഴിയുന്നു.

                                                             “കപടലോകത്തിലെന്നുടെ കാപട്യം
                                                              സകലരും കാണുന്നതാണെന്റെ പരാജയം..”
                                                    കുഞ്ഞുണ്ണി മാഷിന്റെ   ഈ   വരികള്‍ക്ക് ഞാനൊരു മറുമൊഴി കൊടുക്കാം. “ആത്മാര്‍ത്ഥമാമീലോകത്തിലെന്നുടെ ആത്മാര്‍ത്ഥത സകലരും കാണുന്നതാണെന്റെ വിജയം.” ഇങ്ങനെയൊരാള്‍ കേരളത്തില്‍ വിജീഗീഷുവായി നില്‍ക്കുന്നു. സ്വന്തം വീട്ടിനുള്ളില്‍ നടക്കുന്നതൊഴിച്ച് ഏത് അഴിമതിക്കെതിരേയും പ്രതികരിക്കും. ഏത് കോടാതിയിലും പോകും. ലക്ഷങ്ങള്‍ ചിലവഴിച്ച് ഏത് ഉണ്ട വിഴുങ്ങി വക്കീലിനേയും വക്കാലത്തേല്‍പ്പിക്കും. ഈ ലക്ഷങ്ങള്‍ എവിടെനിന്നാണെന്നുമാത്രം ചോദിക്കരുത്. തെരഞ്ഞെടുപ്പു കാലത്തൊഴിച്ച്  ഈ നേതാവിനെ ആര്‍ക്കും വിമര്‍ശിക്കാ‍നാവില്ല. തെരഞ്ഞെടുപ്പുകാലം വരെ ഇദ്ദേഹമാണ് പാര്‍ട്ടിയുടെ ആദര്‍ശ ബിംബം. തിരഞ്ഞെടുപ്പെത്തുമ്പോള്‍ സഹനേതാക്കള്‍ ഇദ്ദേഹത്തെ തള്ളും. പാവം അണികള്‍ തെരുവിലിറങ്ങും (പാര്‍ട്ടി മെമ്പര്‍മ്മാരല്ല കേട്ടോ... അവരില്‍ ആര്‍ എസ്സ് എസ്സുകാരും, എന്‍ ഡി എഫ് കാരും, ഖദറിട്ടതും ഖദറീടാത്തതുമായ കോണ്‍ഗ്രസ്സുകാരേയുമൊക്കെ ടി. വി തത്സമയ പ്രകടന ഷോകളില്‍ കാണാം.) പിന്നീടെല്ലാം ഓകെ. ഇതിനേപ്പറ്റിയായിരിക്കും കുഞ്ഞുണ്ണി മാഷ് ഇങ്ങനെയെഴുതിയത്-
                                                            “ഒരു  തീപ്പെട്ടിക്കൊള്ളി തരൂ
                                                              ബീഡി തരൂ
                                                              വിരലു തരൂ
                                                              ചുണ്ടു തരൂ
                                                              ഞാനൊരു ബീഡിവലിച്ചു രസിക്കട്ടെ.”

                                                              ഇനിയൊരു കൂട്ടരുണ്ട്, അവരാണ് സാധാരണ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നത്. ഐസ്ക്രീം. ചാനല്‍ ഓഹരി, തീവ്രവാദികള്‍ക്ക് സഹായം ചെയ്യല്‍ എന്നൊക്കെപ്പറഞ്ഞ് കുറച്ചുകാലം മുന്‍പുവരെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. പുതിയ പോര്‍മുഖങ്ങള്‍ തുറക്കപ്പെട്ടതോടെ അവര്‍ വിവാദങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുകയാണ്. നല്ല നാലു വകുപ്പുകളുമായി സസുഖം വാഴുന്നു. ഏതു നിമിഷവും വീഴാവുന്ന ഭരണത്തെ താങ്ങി നിര്‍ത്തുന്ന പല്ലികളാണെങ്കിലും ഇപ്പോള്‍ കുറച്ചുകാലമായി ചിലക്കാറില്ല. വിവാദങ്ങളില്‍ നിന്ന് ബോധപൂര്‍വ്വം അകന്നു നില്‍ക്കുന്നു. പുറത്ത് വിവാദങ്ങള്‍ കൊഴുക്കുമ്പോള്‍ ഭരണത്തിനു കിട്ടുന്ന ആയുസ്സിനുള്ളില്‍ ചെയ്ത് തീര്‍ക്കാവുന്നതൊക്കെ ചെയ്ത് കൊണ്ടിരിക്കുന്നു. ഇവരേക്കുറിച്ചായിരിക്കും മാഷ് ഇങ്ങനെ എഴുതിയത്-
                                                            “പൂച്ച നല്ല പൂച്ച
                                                              വൃത്തിയുള്ള പൂച്ച
                                                              പാലുവച്ച പാത്രം
                                                              വൃത്തിയാക്കി വെച്ചു..”

                                                               ഇതൊക്കെ കണ്ടും കേട്ടും അടുത്ത തെരഞ്ഞെടുപ്പില്‍ അടുത്ത മുന്നണിക്കു വേണ്ടി വോട്ടു ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന പൊതുജനത്തിന് ചോദിക്കാന്‍ വേണ്ടിയും മാഷ് നാലുവരികള്‍ എഴുതി വച്ചു.
                                                             “ചോദിച്ചു സമ്മതം വാങ്ങി
                                                               ച്ചുംബിക്കും പോലെയല്ലയോ
                                                               നാണംകെട്ടോട്ടു ചോദിച്ച്
                                                                വാങ്ങിക്കൊണ്ട് ഭരിപ്പത്.”


                                        
                                        

8 comments:

മണ്ടൂസന്‍ said...

ശ്രീമാൻ മനോജ് ഭാസ്ക്കർ അറിയാൻ വേണ്ടി മണ്ടൂസൻ പറയാൻ പോകുന്നത്,ഈ വക കവിതകൾ കുഞ്ഞുണ്ണിമാഷ് കുട്ടികൾക്ക് എഴുതിവച്ചതാണെന്ന് ആരാ പരഞ്ഞത്. അങ്ങിനേയുള്ള തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ ദയവ് ചെയ്ത് അത് തിരുത്തുക. സത്യം പറഞ്ഞാൽ ഇപ്പോൾ മനോജിന് തോന്നിയ പോലെ നമ്മളിൽ ചില കേരളീയർക്കേ അതിന്റെ ഒക്കെ ആന്തരാർത്ഥം മനസ്സിലാവുന്നുള്ളൂ എന്നതാണ് സത്യം. ഇങ്ങനേയാണ് സംഗതിയുടെ കിടപ്പ്. എന്തായാലും ഈ മനസ്സിലാക്കലിന് ഞാൻ നൂറിൽ 99 മാർക്ക് തരുന്നു. മുഴുവൻ തന്നാൽ ഇനി ഒന്നും വന്നില്ലെങ്കിലോ ? അതാ ട്ടോ.

പൊട്ടന്‍ said...

മനോജേ
നല്ല വര്‍ക്ക്‌
കുഞ്ഞു കവിതകള്‍ക്കുള്ള ഒരു ഗുണം അതിന്‍റെ വിവരണം ഗ്രാഹ്യത്തിന്റെ സംബന്തപ്പെടുത്തലുകള്‍ എങ്ങനെയും ആകാമെന്നതാണ്.
ആശംസകള്‍

can you remove the word verification, please?

മനോജ് കെ.ഭാസ്കര്‍ said...

മണ്ടൂസാ നന്ദി...ഇനി ഒന്നും വന്നില്ലെങ്കിലും നമുക്കൊന്നുമില്ലേ...ട്ടോ.
പൊട്ടാ ഞാനത് ശ്രദ്ധിച്ചിരുന്നില്ല ഒഴിവാക്കിയിട്ടുണ്ട്.

sarath sankar said...

വളരെ നല്ല ചിന്തകള്‍ ..കുഞ്ഞുണ്ണി മാഷിന്റെ കവിതകള്‍ എത്രയും ഓര്‍ത്തിരിക്കുന്നു എന്നത് തന്നെ ആണ് എങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് എന്ന് കരുതുന്നു ...നല്ല ചിന്തകള്‍ ...ആശംസകള്‍ ... എന്തായാലും കേരള രാഷ്ട്രീയത്തിന്റെ അവസ്ഥ വല്ലാത്ത കഷ്ടം തന്നെ ...

Arunlal Mathew || ലുട്ടുമോന്‍ said...

നന്നായിട്ടുണ്ട്.... ആശംസകള്‍...

വേണുഗോപാല്‍ said...

മനോജേ..
ഞാന്‍ യാത്ര ബ്ലോഗിലാണ് അവസാനം വന്നത് അല്ലെ ...
കാര്യങ്ങള്‍ അസ്സലായി പറഞ്ഞു .. ഈ രീതിയില്‍ വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്തു ഒരു മുന്നോട്ടു പോക്ക് നന്നാവും എന്ന് തോന്നുന്നു . (എന്റെ മാത്രം അഭിപ്രായം ടോ )

ആശംസകളോടെ .... (തുഞ്ചാണി

khaadu.. said...

ഈ കവിതകള്‍ ഇന്നത്തെ കാലത്ത് ഇങ്ങനെയും അര്‍ഥം വെക്കാം... എന്ന് പഠിപ്പിച്ചു....

മനോജ്‌ ഭായ് നന്നായിട്ടുണ്ട്....

ആശംസകള്‍...

അഭിഷേക് said...

kunjunni mashe ppoleyullavare oorkkunnavarippozhum undennariyunnathil thanne santhosham....kerala rashtreeyathinte avastha parithapakaram...adhikaram enna appakashnathinu vendikadipidi koodunna theruvu dogs ayi maripokunnu ellarum
aasamsakal